.comment-link {margin-left:.6em;}

സഹൃദയന്‍

ഹൃദയപൂര്‍വ്വം ഒരു സൌഹൃദം

October 12, 2006

തവളാത്മകം

നമസ്കാരം.കരയിലും വെള്ളത്തിലും ജീവിക്കുന്നവനും തന്മൂലം ഉഭയ ജീവിയെന്നു എല്ലാവരും വിളിക്കുന്നവനും ആയറ്റത്തു തുഞ്ചത്തെഴുത്തചഛന്‍ മുതല്‍ ഈയറ്റത്തു സന്തോഷ്‌ എച്ചിക്കാനം വരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുളള്ളവനും തീര്‍ത്തും നിഷ്കളങ്കനും അല്‍പപ്രാണിയുമാണു ഞാന്‍.ഇനിയിപ്പോ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ?ങെ! പിടികിട്ടിയില്ലെന്നൊ? പോട്ടെ.......കൈയിലിടാന്‍ പറ്റാത്ത വളയേതെന്നു പണ്ടു കളികൂട്ടുകാരി ചോദിച്ച കുസൃതി ചോദ്യം നിങ്ങള്‍ മറക്കാന്‍ വഴിയില്ലെന്നെനിക്കറിയാം.

അമ്പലക്കുളത്തില്‍ നിന്ന് തോര്‍ത്തിട്ടു പിടിച്ച വരാലിന്റെ കുഞ്ഞിനു കയ്യും കാലും വച്ചപ്പോള്‍ അന്തം വിട്ടു നിന്ന നിങ്ങളെ " വാല്‍മാക്രിയെയും ബ്രാലിനെയും കണ്ട തിരിച്ചറിയാത്ത കഴുത" എന്നെല്ലാവരും കളിയാക്കിയപ്പോള്‍ കുപ്പിയില്‍ കിടന്നോണ്ടാണെങ്കിലും ഞാന്‍ മാത്രമല്ലേ അനുഭാവം പ്രകടിപ്പിച്ചത്‌.എന്നിട്ടും അതേ എന്നെ ചൂണ്ട കൊളുത്തില്‍ കുരുക്കി ഒരു മുട്ടന്‍ വരാലിനെ പിടിച്ചു നിങ്ങള്‍ മാനം കാത്തു.

പിന്നീടെപ്പോഴോ നിങ്ങള്‍ ജോലി കിട്ടിയ സന്തോഷത്തിന്‌ കൂട്ടുകാരോടൊപ്പം കൂടിയതും കള്ളു തലയ്ക്കു പിടിച്ചപ്പോ പെട്ട്രോമാക്സും കത്തിച്ച്‌ പാടവരമ്പത്ത്‌ സ്വപ്നം കണ്ടിരുന്ന എന്നെ പിടിച്ച്‌ നല്ല മാണിക്ക്യൊത്ത എന്റെ രണ്ടു കാലും മുറിച്ചു വറുത്തടിച്ചതും ഞാന്‍ ക്ഷമിച്ചില്ലേ?

കീടനാശിനികളും മൂടിയ കുളങ്ങളും ദു:സ്വപ്നങ്ങളില്‍ നിന്ന്‌ എന്റെ ജീവിതത്തിലേക്കിറങ്ങി വന്നിരിക്കുന്നതു വേദനയോടെ ഞാനറിയുന്നു.

ഇന്ന് ചിക്കുന്‍ ഗുനിയ കാരണം പേടിച്ച്‌ വീട്ടില്‍ കുത്തിയിയിരിക്കുമ്പോഴെങ്കിലും ഓര്‍ക്കുക ഒരു ഈഡിസനേം നിങ്ങളെ നോവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നെന്ന്.

"അന്ന്യന്‍" സിനിമയില്‍ ഷോക്കടിച്ചു ചത്ത ഒരു തവളയുടെ ചിത്രം നിങ്ങളൊര്‍ക്കുന്നില്ലെ...എങ്കിലറിയുക , ഞാന്‍ നിങ്ങള്‍ തന്നെയാണെന്ന്.


നാലുകാലുള്ളോരു നങ്ങേലി പെണ്ണായും ആഗോളവത്കരണം വിഴുങ്ങിയ സമൂഹമായും എന്നെ സാഹിത്യകാരന്മാര്‍ ഉപമിച്ചപ്പോള്‍ നിശബ്ദനായി എങ്കിലും നിറഞ്ഞ ഹൃദയത്തോടെ ആസ്വദിച്ച, പൊന്തകാട്ടിലിരുന്ന് പേക്രോം പേക്രോം കരഞ്ഞ്‌ കുട്ടിക്കാലത്ത്‌ നിങ്ങളെ ഒരുപാടു മാമ്മുണ്ണിച്ച ഒരു പോക്കാച്ചി തവളയുടെ ആത്മ ദുഖങ്ങള്‍ നിങ്ങളറിയുന്നോ,കൂട്ടരെ ?